Thursday, March 7, 2019

വിമാനങ്ങളില്‍ 50Hzന് പകരം 400Hz ഉപയോഗിക്കുന്നത് എന്തു കൊണ്ട്?


1994ല്‍ ഈസ്റ്റ്‌വെസ്റ്റ് എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന കാലത്താണ് വിമാനത്തിലെ വൈദ്യുതി ഉപകരണങ്ങള്‍ വളരെ ചെറുതും ഭാരം കുറഞ്ഞവയുമാണെന്ന് മനസ്സിലായത്. അന്ന് മുംബൈ സാന്റാക്രൂസ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് സ്റ്റോറിന്റെ തലവനായിരുന്ന മഹാരാഷ്ട്ര സ്വദേശി കട്ടാരെ സാറാണ് ഇതിന്റെ പിന്നിലെ ഗുട്ടന്‍സ് പറഞ്ഞു തന്നത്.


വിമാനങ്ങളിലും ബഹിരാകാശ വാഹനങ്ങളിലും ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികളുടെ ഭാരം കുറച്ചു നിര്‍ത്തുക വളരെ പ്രധാനമാണ്. വിമാനങ്ങളില്‍ ഉപകരണങ്ങളുടെ ഭാരം ഒരു കിലോ കുറച്ചാല്‍ 5 കിലോ ഭാരമെങ്കിലും ആകെ ലാഭിക്കാന്‍ പറ്റും. ഉപകരണങ്ങളെ താങ്ങി നിര്‍ത്താനുള്ള സംവിധാനങ്ങളുടെ ഭാരവും കൂടുതല്‍ ഇന്ധനത്തിന്റെ ആവശ്യകതയും കാരണമാണ് ഈ വര്‍ദ്ധന ഉണ്ടാകുന്നത്.  പലപ്പോഴും ഭാരം കുറക്കാന്‍ വിട്ടു വീഴ്ചകള്‍ ചെയ്യുമ്പോള്‍ മറ്റെന്തെങ്കിലും ദോഷങ്ങളും ഉണ്ടാകും. വൈദ്യുതി ഉപകരണങ്ങളുടെ രൂപകല്‍പ്പനയിലും ഇത്തരം വിട്ടുവീഴ്ചകള്‍ ചെയ്യുന്നതിനാലാണ് വളരെ വലിപ്പം കുറഞ്ഞ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നത്.



ആദ്യ കാലങ്ങളില്‍ വിമാനങ്ങളിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചത് ഡി.സി വൈദ്യുതി ഉപയോഗപ്പെടുത്തി ആയിരുന്നു. എന്നാല്‍ ആധുനിക വിമാനങ്ങളില്‍ റഡാറുകള്‍, ആയുധ സംവിധാനങ്ങള്‍, കോക്ക്പിറ്റ് ഡിസ്പ്ലേ സംവിധാനങ്ങള്‍, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ധാരാളം വൈദ്യുതി ആവശ്യമായതോടെ എ.സി വൈദ്യുതി സംവിധാനങ്ങള്‍ വ്യാപകമായി.




ഫ്രീക്വന്‍സി വര്‍ദ്ധിപ്പിച്ചാല്‍ വൈദ്യുതി ഉപകരണങ്ങളുടെ ഭാരവും വലുപ്പവും കുറക്കാന്‍ പറ്റുന്നതിനാല്‍ വിമാനങ്ങളില്‍ 400Hz ആണ് ഫ്രീക്വന്‍സി. ഇന്‍ഡക്ഷന്‍ മോട്ടോറുകള്‍ കറങ്ങുന്നത് ഫ്രീക്വന്‍സിക്ക് ആനുപാതികമായാണ്. അതു കൊണ്ട് ഫ്രീക്വന്‍സി കൂടുമ്പോള്‍ ഒരേ വ്യാപ്തത്തിലും ഭാരത്തിലും നിന്ന് കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ട്രാന്‍സ്ഫോര്‍മറുകളില്‍ കുറഞ്ഞ മാഗനറ്റിക് കോര്‍ മതിയാകും എന്നതിനാല്‍ ഭാരവും വലുപ്പവും കുത്തനെ കുറയും. കപ്പാസിറ്ററുകളുടെ വലുപ്പം ഏഴില്‍ ഒന്നായി കുറക്കാന്‍ പറ്റും.




ദീര്‍ഘദൂര ട്രാന്‍സ്മിഷന്‍ ലൈനിലെ ഇന്‍ഡക്ടന്‍സ് കാരണം ഫ്രീക്വന്‍സി കൂടുമ്പോള്‍ സീരീസ് ഇംപിഡന്‍സ് കൂടുകയും വോള്‍ട്ടേജ് ന്ഷ്ടം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ സാധാരണ വൈദ്യുതി നെറ്റ്‌വര്‍ക്കുകളില്‍ ഉയര്‍ന്ന ഫ്രീക്വന്‍സി ഉപയോഗിക്കുന്നത് ലാഭകരമല്ല. അതു കൊണ്ട് 400Hz സിസ്റ്റം നെറ്റ്‌വര്‍ക്കിന്റെ നീളം വളരെ കുറവായ ഡാറ്റാ സെന്ററുകളിലും അന്തര്‍വാഹിനികളിലും വിമാനങ്ങളിലും പട്ടാള ഉപകരണങ്ങളിലും മാത്രം ഒതുങ്ങി. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വൈദ്യുതി നെറ്റ്‌വര്‍ക്കുകളില്‍ 60/50 Hz ആണ് ഫ്രീക്വന്‍സി എങ്കിലും എല്ലാ രാജ്യങ്ങളിലും വിമാനങ്ങളില്‍ 400Hz തന്നെയാണ് ഉപയോഗിക്കുന്നത്.

No comments:

Post a Comment